
നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് അനുമല ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. വേദിയിൽ സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആശാലത എസ്., കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, കിസാൻ സമൃദ്ധി ഓർഗനൈസിങ് സെക്രട്ടറി മുരളീധരൻ, ബ്ലൂ പേൾ ഫിഷ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഡയറക്ടർ ഡോ. പി. വിവേകാനന്ദൻ എന്നിവർ.
കൊച്ചി: പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജന പദ്ധതിയുടെ ഭാഗമായി മത്സ്യമേഖലയിലെ സംരംഭകത്വ സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചിയിലെ ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) സംസ്ഥാനതല ശിൽപ്പശാല സംഘടിപ്പിച്ചു. ‘പി.എം.എം.കെ.എസ്.എസ്.വൈ: മത്സ്യമേഖലയിലെ പുതിയ ബിസിനസ് സാധ്യതകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയുടെ ഉദ്ഘാടനം നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് അനുമല നിർവഹിച്ചു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അധ്യക്ഷത വഹിച്ചു.
മത്സ്യമേഖലയിൽ സാങ്കേതികവിദ്യയുടെ ഫലപ്രദമായ പ്രയോഗം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വികസനം, സ്ഥാപനതലത്തിലുള്ള സാമ്പത്തിക സഹായം തുടങ്ങിയ മേഖലകളിലെ വെല്ലുവിളികൾ മറികടന്ന് സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 65 മത്സ്യമേഖലാ സംരംഭകർക്ക് സാങ്കേതിക പരിശീലനം, വായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശം, സംരംഭക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള പിന്തുണ എന്നിവ ലഭ്യമാക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തത്.
ഉദ്ഘാടന ചടങ്ങിൽ
സംസാരിച്ച നാഗേഷ് അനുമല, മത്സ്യബന്ധന മേഖലയിലെ സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനതലത്തിലുള്ള പിന്തുണയുടെയും സാമ്പത്തിക സഹായത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.
സിഫ്റ്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രൊമോട്ടിങ് ഇൻസ്റ്റിറ്റ്യൂഷൻ (പി.ഒ.പി.ഐ) കൂടിയായ കൊടുങ്ങല്ലൂരിലെ ബ്ലൂ പേൾ ഫിഷ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ (എഫ്.എഫ്.പി.ഒ) സഹകരണത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
ശിൽപ്പശാലയുടെ ഭാഗമായി മത്സ്യമേഖലയിലെ സംരംഭകത്വ സാധ്യതകൾ, വിവിധ സാമ്പത്തിക സഹായ പദ്ധതികൾ, സംരംഭങ്ങൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പിന്തുണാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് സാങ്കേതിക സെഷനുകൾ നടന്നു.
നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിലെ പ്രതിനിധികൾ പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജന പദ്ധതിയുടെ വിവിധ ഘടകങ്ങൾ, ആനുകൂല്യങ്ങൾ, ലഭ്യമായ പിന്തുണാ സംവിധാനങ്ങൾ എന്നിവ വിശദീകരിച്ചു. സ്ഥാപനതലത്തിലുള്ള വായ്പാ സൗകര്യങ്ങളെക്കുറിച്ച് ബാങ്ക് പ്രതിനിധികളും ക്ലാസുകൾ നയിച്ചു.
മത്സ്യമേഖലയിലെ സംരംഭകർക്ക് സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, ധനകാര്യ ഏജൻസികൾ, മറ്റ് ബന്ധപ്പെട്ട പങ്കാളികൾ എന്നിവരുമായി ആശയവിനിമയം നടത്തുന്നതിനും സംരംഭകത്വ വികസനത്തിനുള്ള സാധ്യതകൾ മനസ്സിലാക്കുന്നതിനുമുള്ള വേദിയായി ശിൽപ്പശാല മാറി.
സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആശാലത എസ്., കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, കിസാൻ സമൃദ്ധി ഓർഗനൈസിങ് സെക്രട്ടറി മുരളീധരൻ, കൊടുങ്ങല്ലൂരിലെ ബ്ലൂ പേൾ ഫിഷ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഡയറക്ടർ ഡോ. പി. വിവേകാനന്ദൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
Photo Courtesy - Google










